Kerala Times

മഴക്കെടുതി: ഹിമചലില്‍ മരണം 71 ആയി; ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ തുടരുന്നു

ഷിംല/ ഡെറാഡൂണ്‍: കനത്ത മഴയ്ക്കു പുറമേ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലുമുണ്ടായ ഹിമാചല്‍ പ്രദേശില്‍ മരണസംഖ്യ 71 ആയി.

20 പേരെ ഇനിയും കണ്ടെത്താനുണ്ട്. മലയോര മേഖലകളില്‍ എല്ലാം മണ്ണിടിഞ്ഞ് വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിമാചലില്‍ അടുത്ത രണ്ട് ദിവസം കുടി മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

ഷിംലയില്‍ മണ്ണിടിച്ചിലില്‍ മൂടിപ്പോയ സമ്മര്‍ ഹില്‍ ക്ഷേത്രത്തില്‍ നിന്നും ഒരു മൃതദേഹം കൂടി ഇന്ന് പുറത്തെടുത്തു. ഇതോടെ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം 14 ആയി. ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസറുടെ മൃതദേഹമാണ് ഇന്ന് ലഭിച്ചത്. ദുരന്തം നടന്നതിന് രണ്ട് കിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം കിട്ടിയത്. ചെളിക്കടിയില്‍ ഇനിയും ഏഴ് പേര്‍ കൂടി ഉണ്ടെന്നാണ് സൂചന.

ഷിംല-കല്‍ക റെയില്‍വേ ലൈന്‍ പൂര്‍ണ്ണമായും തകര്‍ന്നു. ട്രാക്കിന്റെ ഒരു ഭാഗം മണ്ണിടിഞ്ഞ് പോയതോടെ തൂങ്ങിനില്‍ക്കുകയാണ്.

അതേസമയം, ഉത്തരാഖണ്ഡിലും മണ്ണിടിച്ചില്‍ തുടരുകയാണ്. ഡെറാഡൂണിലെ വികാസ്‌നഗറില്‍ ഇന്നു രാവിലെയുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകളും ഗോശാലകളും തകര്‍ന്നു. അഞ്ച് ദിസവം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു.

Share the News
Exit mobile version