Kerala Times

ചെല്‍സിക്ക് കനത്ത ഷോക്ക്; കൈസെദോയെ ഹൈജാക്ക് ചെയ്ത് ലിവര്‍പൂള്‍

മ്മര്‍ ട്രാൻസ്ഫര്‍ മാര്‍ക്കറ്റില്‍ ചെല്‍സിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച്‌ ലിവര്‍പൂളിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്.

ചെല്‍സിയുടെ പ്രധാന ടാര്‍ഗറ്റായിരുന്ന മൊയിസസ് കൈസെദോയെ ഹൈജാക്ക് ചെയ്ത് ലിവര്‍പൂള്‍. ബ്രിട്ടീഷ് റെക്കോര്‍ഡ് ട്രാൻസ്ഫര്‍ തുകയ്ക്കാണ് ബ്രൈറ്റനുമായി ലിവര്‍പൂള്‍ ഡീല്‍ ഉറപ്പിച്ചത്. 21കാരനായ ഇക്വഡോര്‍ മിഡ്‌ഫീല്‍ഡര്‍ക്കായി 110 മില്യണ്‍ പൗണ്ടിന്റെ റെക്കോര്‍ഡ് തുകയാണ് ലിവര്‍പൂള്‍ മുടക്കുക. കഴിഞ്ഞ ജനുവരിയില്‍ എൻസോ ഫെര്‍ണാണ്ടസിനായി ചെല്‍സി മുടക്കിയ റെക്കോര്‍ഡ് ട്രാൻസ്ഫര്‍ തുക ഇതോടെ പഴങ്കഥയായി മാറും.

കൈസെദോയ്ക്കായി ബ്രൈറ്റന് മുന്നില്‍ 100 മില്യണ്‍ പൗണ്ട് ചെല്‍സി മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍, തൊട്ടു പിന്നാലെ 110 മില്യണ്‍ പൗണ്ടിന്റെ റെക്കോര്‍ഡ് തുക ഓഫര്‍ ചെയ്ത് ലിവര്‍പൂള്‍ കൈസെദോയെ ഹൈജാക്ക് ചെയ്യുകയായിരുന്നു. മൊയിസസ് കൈസെദോയ്ക്കായി ബ്രൈറ്റന് മുന്നില്‍ നിരവധി ഓഫറുകളുമായി ഈ സമ്മറില്‍ പിറകെ നടന്ന ചെല്‍സി, താരവുമായി നേരത്തെ വ്യക്തിപരമായ ധാരണയിലും എത്തിയിരുന്നു.

കൈസെദോ ഇന്ന് തന്നെ ലിവര്‍പൂളിന്റെ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാകും. ഇക്വഡോറിയൻ യുവ മിഡ്‌ഫീല്‍ഡര്‍ക്കായി ലിവര്‍പൂള്‍ അവസാന നിമിഷം ഒരു ശ്രമം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ആറ് സീനിയര്‍ താരങ്ങളെ ഈ സമ്മറില്‍ നഷ്ടമായ ലിവര്‍പൂള്‍ ഇതിന് മുൻപ് രണ്ട് മിഡ്‌ഫീല്‍ഡര്‍മാരെ സൈൻ ചെയ്തിരുന്നു. ബ്രൈറ്റനില്‍ നിന്ന് അലക്സിസ് മക് ആലിസ്റ്ററെയും ആര്‍ ബി ലൈപ്സിഗില്‍ നിന്ന് ഡോമിനിക് സൊബോസ്ലായിയെയും
ക്ലോപ്പിന്റെ ടീം സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണില്‍ മികച്ച ഫുട്ബോള്‍ കാഴ്ചവെച്ച ബ്രൈറ്റന്റെ പ്രധാന താരങ്ങളായ മക് ആലിസ്റ്ററിനെയും കൈസെദോയെയും സ്വന്തം പാളയത്തില്‍ എത്തിക്കാൻ സാധിച്ചത് ലിവര്‍പൂളിനെ സംബന്ധിച്ച്‌ വലിയ നേട്ടമാണ്. ബ്രൈറ്റന്റെ മിഡ്‌ഫീല്‍ഡ് എഞ്ചിനായി വിശേഷിപ്പിക്കുന്ന യുവ പ്രതിഭയാണ് മൊയിസസ് കൈസെദോ.

Share the News
Exit mobile version