Kerala Times

ഗ്രീസില്‍ ബീച്ച്‌ ടവല്‍ പ്രക്ഷോഭം ശക്തമാവുന്നു; പോരാട്ടം ബീച്ചുകള്‍ തിരിച്ചുപിടിക്കാന്‍

പൗരാണിക കാലം മുതല്‍ നിരവധി വിപ്ലവങ്ങള്‍ നടന്ന മണ്ണാണ് ഗ്രീസിന്റേത്. എന്നാലിപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കലാപത്തിനാണ് ഗ്രീസ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

ബീച്ച്‌ ടവല്‍ പ്രക്ഷോഭം എന്ന് മാധ്യമങ്ങള്‍ പേരിട്ട ഈ മുന്നേറ്റത്തില്‍ ഗ്രീസിലെ സാധാരണ ജനങ്ങളാണ് അണിനിരക്കുന്നത്. ദിവസങ്ങള്‍ പിന്നിട്ടതോടെ സിനിമ സംവിധായകരും കലാകാരൻമാരും ഉള്‍പ്പടെയുള്ളവര്‍ ഈ സമരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

ബീച്ചുകള്‍ തിരിച്ചുപിടിക്കാനുള്ള ഗ്രീക്ക് ജനതയുടെ പോരാട്ടമാണ് ബീച്ച്‌ ടവല്‍ പ്രക്ഷോഭം എന്ന പേരില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. ബീച്ചുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെയും അമിത ടൂറിസത്തിനെതിരെയുമാണ് ഈ പ്രതിഷേധം. സ്വകാര്യവത്കരണവും വിനോദസഞ്ചാരികളുടെ പ്രവാഹവും കാരണം പ്രദേശവാസികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ബീച്ചുകളിലേക്ക് പ്രവേശിക്കാനാകാത്ത സാഹചര്യമുണ്ടായതാണ് ഈ കലാപത്തിന് തിരികൊളുത്തിയത്. പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ വിഷയത്തിലിടപെടാൻ നിര്‍ബന്ധിതരായിരിക്കുകയാണ്.

അമിത ടൂറിസത്തിന്റെ പ്രതിസന്ധി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. അതിമനോഹരമായ ബീച്ചുകളാണ് ഗ്രീസിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യമാക്കി മാറ്റുന്നത്. ഇങ്ങനെയെത്തുന്ന സഞ്ചാരികളുടെ സണ്‍ ലോഞ്ചറുകളും കുടകളും മാറ്റുകളും നിറഞ്ഞ് കാലുകുത്താൻ സാധിക്കാത്ത നിലയിലാണ് ഗ്രീസിലെ ബീച്ചുകള്‍. ഇതുകാരണം ബീച്ചിലെത്തുന്ന പ്രദേശവാസികള്‍ക്ക് കടലിന്റെ കാഴ്ച പോലും മറയുന്ന സാഹചര്യമാണ്. ഇതിന് പുറമെ മിക്കവാറും ബീച്ചുകളും സ്വകാര്യ റിസോര്‍ട്ട് ലോബികളുടെ കയ്യിലാണ്. ഇവിടെ പ്രവേശിക്കണമെങ്കില്‍ പോലും പ്രദേശവാസികള്‍ വലിയ ഫീസ് നല്‍കേണ്ട സാഹചര്യമാണ്.

ബീച്ച്‌ ലോഞ്ചറുകള്‍ക്കും മാറ്റുകള്‍ക്കുമെല്ലാം കൊല്ലുന്ന വാടകയുമാണ് ഈ കമ്ബനികള്‍ ഈടാക്കുന്നത്. ഗ്രീസിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പരോസ് ദ്വീപില്‍ ഉള്‍പ്പടെയാണ് ഈ സ്ഥിതി രൂക്ഷമായിട്ടുള്ളത്. ഇവിടെ പ്രദേശവാസികള്‍ ബീച്ചുകള്‍ സ്വതന്ത്രമാക്കാനുള്ള സമരത്തിലാണ്. ഇത് ടൂറിസത്തിനെതിരായ സമരമല്ലെന്നും ടൂറിസ്റ്റുകളോടുമുള്ള കമ്ബനികളുടെ കൊള്ള അവസാനിപ്പിക്കാനാണ് തങ്ങള്‍ പോരാടുന്നതെന്നുമാണ് പരോസ് ദ്വീപ് സമര മുന്നണി അവരുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. വേനല്‍ക്കാലത്തെ ബീച്ച്‌ ജീവിതം ഗ്രീക്ക് ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഇതിനെ ഇല്ലാതാക്കാനാണ് ബീച്ച്‌ നിയന്ത്രിക്കുന്ന സ്വകാര്യ കമ്ബനികള്‍ ശ്രമിക്കുന്നത്. ഇതിന് അനുവദിക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്.

14000മാണ് പരോസ് ദ്വീപിലെ ജനസംഖ്യ. ഈവര്‍ഷം മാത്രം 750,000 വിനോദസഞ്ചാരികളാണ് ദ്വീപ് സന്ദര്‍ശിച്ചത്. അമിതമായ സഞ്ചാരിപ്രവാഹം ബീച്ചുകള്‍ മലിനമാകുന്നതിനും കാരണമാകുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.

Share the News
Exit mobile version