Kerala Times

അവിശ്വാസ പ്രമേയ ചര്‍ച്ച; പ്രധാനമന്ത്രിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ രേഖകളില്‍ നിന്ന് നീക്കും

പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങളാണ് നീക്കം ചെയ്യുക. രാഹുലിന്റെ വിഡിയോയും സഭാ രേഖകളില്‍ നിന്ന് നീക്കാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിട്ടു.

പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലിനാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തുന്നുവെന്ന് വിമര്‍ശിച്ചു. ഭാരതമാതാവ് മരിച്ചുവെന്ന് കേട്ടപ്പോള്‍ കയ്യടിച്ച കോണ്‍ഗ്രസ് രാജ്യദ്രോഹികള്‍ എന്നായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വിമര്‍ശനം.

അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ രണ്ടാം നാള്‍, ചര്‍ച്ച തുടങ്ങി വച്ച രാഹുല്‍ഗാന്ധി അദാനിയെ കുറിച്ച് പരാമര്‍ശിക്കില്ലെന്ന് പറഞ്ഞ് ഭരണപക്ഷത്തെ പരിഹസിച്ചു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ഭാരത് ജോഡോ യാത്രയെക്കുറിച്ചും മണിക്കൂര്‍ സന്ദര്‍ശനത്തെക്കുറിച്ചും രാഹുല്‍ വൈകാരികമായി സംസാരിച്ചു.
മണിപൂരില്‍ ബിജെപി കൊലപെടുത്തുന്നത് രാജ്യത്തെ തന്നെയെന്നു രാഹുല്‍ വിമര്‍ശിച്ചതോടെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വിന്റെ നേതൃത്വത്തില്‍ ഭരണപക്ഷം പ്രതിഷേധവുമായി എത്തി. ഇതോടെ രാഹുല്‍ ആളികത്തി.

13 തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട നേതാവാണ് രാഹുല്‍ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസമെന്നും മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു. പ്രധാനമന്ത്രി മോദിയെ രാവണനോട് ഉപമിച്ചാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. ഏറ്റവും അവസാനം സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ പ്രസംഗത്തിന്റെ ആദ്യ 70 മിനിറ്റ് മണിപ്പൂര്‍ എന്ന വാക്കുപോലും പരാമര്‍ശിച്ചില്ല.

മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ ചരിത്രം വിവരിച്ച ആഭ്യന്തര മന്ത്രി കോണ്‍ഗ്രസ് ഭരണകാലത്ത് 1700 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് കണക്ക് നിരത്തി. അതേസമയം സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു.

Share the News
Exit mobile version